തിരുവനന്തപുരം: കോണ്‍ഗ്രസിൽ തെരഞ്ഞെടുപ്പു മേൽനോട്ടത്തിനു മാത്രമല്ല, തദ്ദേശ സ്ഥാപന തലത്തിൽ മുതിർന്ന നേതാക്കൾക്കു ചുമതല. പാലം വലിക്കുന്നവരെയും പ്രചാരണ പ്രവർത്തനങ്ങൾക്ക് ഇറങ്ങാത്ത ജില്ലാ-പ്രാദേശിക നേതാക്കളെയും കണ്ടെത്താനുള്ള രഹസ്യനിരീക്ഷണത്തിനും കോണ്‍ഗ്രസിലെ മുതിർന്ന നേതാക്കളുണ്ട്.
കോണ്‍ഗ്രസ്, യുഡിഎഫ് സ്ഥാനാർഥികളുടെ പ്രചാരണ പ്രവർത്തനങ്ങളിൽ ഏതെങ്കിലും പ്രാദേശിക നേതാക്കൾ പങ്കെടുക്കാതിരിക്കുകയോ തോൽപ്പിക്കാനായി വളഞ്ഞ വഴിയിലൂടെ നീക്കം നടത്തുകയോ ചെയ്യുന്നുണ്ടോയെന്നു നിരീക്ഷിക്കാനും കെപിസിസി ജനറൽ സെക്രട്ടറിമാരെ ചുമതലപ്പെടുത്തി. തെരഞ്ഞെടുത്ത ജനറൽ സെക്രട്ടറിമാർക്ക് രഹസ്യ നിരീക്ഷണത്തിന്റെ ചുമതല നൽകി.
നിയമസഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുൻപു നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസ് അതീവ ഗൗരവത്തോടെയാണു കാണുന്നത്. നിയമസഭാ തെരഞ്ഞെടുപ്പിന്റെ റിഹേഴ്സലായി കാണുന്നതിനാൽ വോട്ടർമാരുടെ മനസ് മനസിലാക്കാനും കെപിസിസി ഭാരവാഹികൾ ശ്രദ്ധിക്കും.
കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും അടക്കമുള്ളവരുടെ ജില്ലാതല പര്യടനവും തുടങ്ങുകയാണ്. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫിന്റെ ജില്ലാതല പര്യടനം ഇന്നു തിരുവനന്തപുരം ജില്ലയിൽനിന്നു തുടങ്ങുകയാണ്. ഒരു ദിവസം ഒരു ജില്ലയിലെ പ്രചാരണ പ്രവർത്തനങ്ങൾ എന്ന നിലയിലാണ് പര്യടനം. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പര്യടനവും അടുത്ത ദിവസങ്ങളിൽ തുടങ്ങും.
മിക്ക തദ്ദേശ സ്ഥാപനങ്ങളിലും കോണ്‍ഗ്രസ് സ്ഥാനാർഥികളെ നേരത്തേ പ്രഖ്യാപിച്ചതിനാൽ ഇവരുടെ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾ ഏതാണ്ട് സമാപിക്കാറായി. സ്ഥാനാർഥിയെ വോട്ടർമാർക്കു പരിചയപ്പെടുത്തുകയാണ് ആദ്യഘട്ട പ്രചാരണം ലക്ഷ്യമിട്ടിരുന്നത്.
ഗ്രാമപഞ്ചായത്ത്, നഗരസഭ- കോർപറേഷൻ സ്ഥാനാർഥികൾ ആദ്യഘട്ട വീട് സന്ദർശന പരിപാടി മിക്കയിടത്തും പൂർത്തിയാക്കിയെന്നാണ് അവകാശ വാദം. നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്നലെ അവസാനിച്ചിരുന്നു.